കായംകുളം: ഓച്ചിറയിൽ സ്വകാര്യ ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ
മരിച്ച യുവതിയുടെ കുഞ്ഞും മരിച്ചു. അടൂർ കൊടുമൺ സ്വദേശി രാജന്റെ ഭാര്യ അമൃത (27) ആണ് അപകടസ്ഥലത്ത് മരിച്ചത്. ഗുരുതരാവസ്ഥയിൽ ചികിത്സയിലിരിക്കെ അമൃതയുടെ മകൾ മിലോനി
(2) ആണ് ഇന്നലെ രാത്രി മരണമടഞ്ഞത് . ഞായർ വൈകിട്ട് ആറോടെ ഓച്ചിറ ആയിരം തെങ്ങ് റോഡിൽ പ്രയാർ
പാലത്തിന് കിഴക്കുവശത്തായിരുന്നു അപകടം.
ഓച്ചിറയിൽ നിന്നും വള്ളിക്കാവ് വഴി കരുനാഗപ്പള്ളിയിലേക്ക് സർവീസ് നടത്തുന്ന
സ്വകാര്യ ബസിലേക്ക്, അഴീക്കല്‍ ഭാഗത്തുനിന്ന്
സ്വിഫ്റ്റ് കാർ ഇടിച്ചുകയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ കാറിന്റെ മുൻ ഭാഗം പൂർണ്ണമായും തകർന്നു . കാറിലുണ്ടായിരുന്ന പത്മാവതി (60), അർച്ചന
(24), കാർ ഡ്രൈവർ സാംസൺ (29) എന്നിവർ കരുനാഗപ്പള്ളിയിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. തലയ്ക്ക് ഗുരുതരമായി
പരിക്കേറ്റ രണ്ടു വയസ്സുകാരി മിലോനി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്നു. ബസ് യാത്രക്കാരായ
ലീലാമണി (50), പൂജ ബിജു (18), പത്മകുമാരി
(50), ഷൈജ ബീഗം (44), നജീബ് (65), രജനി (34) എന്നിവർ ഓച്ചിറ പരബ്രഹ്മ ആശുപത്രിയിൽ
ചികിത്സയിലാണ്.
